Friday, March 06, 2009

ആറേസി

റിസര്‍വേഷന്‍ കണ്ടു് അവള്‍ ഞെട്ടിപ്പോയി. ആറേസി. അവന്‍ കരുതിക്കൂട്ടി ചെയ്തതാകും. അവനുമൊത്തു് ബെര്‍ത്ത് ഷെയര്‍ വരുമല്ലോ. ചില്ലറ ദൂരമൊന്നുമല്ല.
എന്താ ഇപ്പോ ചെയ്ക ? സ്ത്രീസമത്വം, സ്വാതന്ത്ര്യം എന്നൊക്കെ വായിട്ടലച്ചതു് അബദ്ധമായി. എന്നാലും ചോദിക്കുക തന്നെ, വേറെയെന്തെങ്കിലും ഉപായമുണ്ടോയെന്നു് നോക്കുകയും വേണം.

അവന്‍ ചിരിച്ചു. നിനക്കു് എന്തായാലും സീറ്റും ബര്‍ത്തും കിട്ടിയാല്‍ പോരേ. ഇത്ര വേവലാതിയെന്തിനു് ? ഇത്രയുള്ളോ നിന്റെ ധൈര്യവും വിശ്വാസവുമൊക്കെ ? പുറപ്പെടുമ്പോഴേക്കു് ഇതു് എന്തായാലും ഞാന്‍ കണ്‍ഫെമാക്കിത്തന്നേക്കാം. പോരേ.

റിസര്‍വേഷന്‍ ലിസ്റ്റ് കണ്ടു് അവള്‍ വീണ്ടും വിഷമിച്ചു. ഇനിയെങ്ങനെ കണ്‍ഫെമാകും. വണ്ടി പുറപ്പെടാറായില്ലേ. അവന്റെ വാക്കു് വിശ്വസിച്ചതു് അബദ്ധമായി. പക്ഷെ തനിക്കു് മറ്റു് മാര്‍ഗ്ഗവുമുണ്ടായിരുന്നില്ലല്ലോ. ഇനി വരുന്നിടത്തു് കാണാം.

എന്താടോ കുരങ്ങു് ചത്ത കുറത്തിയെപ്പോലെ ? അവനു് തമാശ. അവള്‍ക്കു് കരച്ചില്‍ വന്നു. ഒരു രാത്രി എങ്ങനെ തള്ളിനീക്കും ? അവന്റൊപ്പം ബര്‍ത്തു് പങ്കിടാന്‍ പറ്റില്ല.

അതവനു് കല്യാണത്തിനു് മുമ്പു് താന്‍ കൊടുത്ത വാക്കാണു് കോഴ്സ് കഴിയാതെ ഒറ്റ രാത്രിയും കിടക്ക പങ്കിടരുതെന്നു് !
ഈ ആറേസി ആരാണോ കണ്ടുപിടിച്ചതു് ?

Thursday, February 05, 2009

ഫോട്ടോ

സതിയ്ക്കുറക്കം വന്നില്ല. എന്തൊക്കെയാണു് സംഭവിച്ചതു്. സുരേഷ് എന്തൊരു ചതിയാണു് ചെയ്തതു്. അവന്റെ കൂട്ടുകാരുടെ മുന്നില്‍ വച്ചു് തന്നെ... അവനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു് അലന്‍ പറഞ്ഞതാണു്. പക്ഷെ അലനെയാണു് തനിക്കു് വിശ്വാസമില്ലാതിരുന്നതു്. ആ ഫോട്ടോ ഇപ്പോള്‍ നെറ്റില്‍ നിറഞ്ഞുകാണും. എന്നാലും എങ്ങനെ അതവനു് കിട്ടി ? താനതു് ഉടന്‍ തന്നെ ഡിലിറ്റ് ചെയ്തതാണല്ലോ.
എന്തൊരു ഗ്രഹപ്പിഴയാണിതു് ദൈവമേ. പുതിയ ഡിജിറ്റല്‍ കാമറ കിട്ടിയപ്പോള്‍ ചെയ്ത ഒരു വികൃതി, അതിപ്പോ ഒരു പാരയായി.
ആരോടെങ്കിലും സത്യാവസ്ഥ പറയണമല്ലോ. അതിനു് മുമ്പു് എങ്ങനെ ഇതു് സംഭവിച്ചു എന്നു് കണ്ടുപിടിക്കണം. ആര്‍ക്കും ഇനി ഇങ്ങനെയൊരു അബദ്ധം പറ്റരുതല്ലോ. ഗൂഗിളിനോടു് ചോദിക്കാം. നെറ്റ്ബുക്കെടുത്തു് സേര്‍ച്ച് തുടങ്ങി. അഞ്ച് സൈറ്റുകള്‍ സന്ദര്‍ശിച്ചു് കഴിഞ്ഞപ്പോഴേക്കും ഏതാണ്ടു് കാര്യങ്ങള്‍ വ്യക്തമായി. ചതി. കൊടുംചതി തന്നെ.
തന്റെ കാമറയിലെ മെമ്മറിയില്‍ നിന്നും ഡാറ്റാറിക്കവറി റ്റൂള്‍ ഉപയോഗിച്ചു് ഫോട്ടോ റിക്കവര്‍ ചെയ്തതാണു്. അവനു് മെമ്മറി കാര്‍ഡ് കടം കൊടുത്തതാണു് അബദ്ധമായതു്. കാര്‍ഡ് കാലിയാക്കിയാണു് കൊടുത്തതു് . ഫോര്‍മാറ്റ് ചെയ്തോ എന്നോര്‍മ്മയില്ല. ഫോര്‍മാറ്റ് ചെയ്തു പോയതും റിക്കവര്‍ ചെയ്യാന്‍ പറ്റും എന്ന ഞെട്ടിപ്പിക്കുന്ന അറിവു് മുന്നിലിരിക്കുന്നു. സോ ദാറ്റ് മേക്ക് ലിറ്റില്‍ ഡിഫറന്‍സ്. പുതിയ അറിവു് അവള്‍ക്കു് പുതിയ ഒരു ഊര്‍ജ്ജം നല്‍കി. ഉറക്കം പറപറന്നു. അവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല. ഫോട്ടോയെക്കുറിച്ചാലോചിച്ചു് വിഷമിച്ചിട്ടു് കാര്യമില്ല. വാ വിട്ട വാക്കു് പോലെയാണതു്. തിരിച്ചെടുക്കാന്‍ കഴിയില്ല. തന്റെ നിരപരാധിത്വം തെളിയിക്കണം. അവനെ ഒരു പാഠം പഠിപ്പിക്കുകയും വേണം. പരമാവധി വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞപ്പോഴേക്കും  അവളെ ഉറക്കം കീഴടക്കി.
നേരം വെളുത്തയുടന്‍ അവള്‍ അലനെ വിളിച്ചു. അലനുമൊത്തു് പോയി സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
"ഇതിപ്പോ നെറ്റിലൊന്നും എത്തിയിട്ടില്ലല്ലോ, എന്തു് പറഞ്ഞു് കേസെടുക്കും ?" സെല്‍ മേധാവി അവളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. "സര്‍ , അവന്റെ ലാപ്​ടോപ്പും നെറ്റ്ബുക്കും പിടിച്ചെടുത്തു് പരിശോധിക്കണം. ഞാനീ പറഞ്ഞ ഫോട്ടോയും റിക്കവറി സോഫ്റ്റുവെയറും അതില്‍ കാണും. അതു് പോരേ തെളിവു് ?".
"നീ പറഞ്ഞതു് ഞങ്ങളെങ്ങനെ വിശ്വസിക്കും? നീ കാശു വാങ്ങി പോസ് ചെയ്തതാണെന്നു് അവന്‍ പറഞ്ഞാല്‍ ...?".

"പറയട്ടെ സര്‍ , അപ്പോള്‍ അതിനുള്ള മാര്‍ഗ്ഗം നോക്കാം. ഇതിനിപ്പോ ഒരു കേസിനും സ്കോപ്പില്ലേ ? ഞാനിനിയും മുകളിലോട്ടു് പോണോ ?"
"കുഞ്ഞേ, വയ്യാവേലിയാകും ഇതു്. വഴിക്കിട്ടിട്ടു് പോകില്ല എന്നു് ഉറപ്പു് തന്നാല്‍ ഞാന്‍ ഇടപെടാം." സെല്‍ മേധാവിയോടു് തോന്നിയ അമര്‍ഷം അലിഞ്ഞു്പോകുന്നതു് അവള്‍ അറിഞ്ഞു.
സൈബര്‍ സെല്ലിന്റെ വരവു് അപ്രതീക്ഷിതമായിരുന്നതു് കൊണ്ടു് സുരേഷിനു് തന്റെ ലാപ്ടോപ്പിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പല ഫോട്ടാകളും മറ്റു് പല വമ്പന്മാരെയും കൂടി കൂട്ടുപ്രതിയാക്കാന്‍ പര്യാപ്തമായതു് കൊണ്ടു് കുറച്ചു് സമാധാനവും തോന്നി. എന്നാല്‍ സെല്ലിന്റെ ചോദ്യം ചെയ്യലില്‍ അയാള്‍ക്കു് കുറ്റം നിഷേധിക്കാന്‍ കഴിഞ്ഞില്ല. സതിയുടെ കണ്ടെത്തലുകള്‍ സത്യമാണെന്നു് അയാള്‍ സാക്ഷ്യപ്പെടുത്തി. ഇതു് ഒറ്റപ്പെട്ടതല്ലെന്നും മറ്റു് പലരേയും ഇവ്വിധം മുമ്പും ചതിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. സതിയുടെ ഫോട്ടോ നെറ്റിലേക്കു് വിട്ടിട്ടില്ലെന്നും അവളെ ബ്ലാക്ക്മെയില്‍ ചെയ്തു് തങ്ങളുടെ ഇരയാക്കിയാക്കിയ ശേഷം കൂടുതല്‍ ഹോട്ടായിട്ടുള്ള ചിത്രങ്ങള്‍ വിടാനായിരുന്നു പ്ലാനെന്നും അയാള്‍ പറഞ്ഞു. അപവാദം ഭയന്നു് പെണ്‍കുട്ടികള്‍ കീഴ്പെടാറാണു് സാധാരണ പതിവു്. സതിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളരെ അപൂര്‍വ്വമായതു് കൊണ്ടാണു് തങ്ങളുടെ ബിസിനസ് ഇത്രയും വളര്‍ന്നതു്.
കൂട്ടാളികളെക്കുറിച്ചു് പോലിസ് ഒന്നും ചോദിക്കാത്തതില്‍ സുരേഷിനു് നിരാശയായി. താനും തന്നെപ്പോലെയുള്ള ഡാറ്റാകലക്റ്റര്‍മാരും മാത്രം കുറ്റവാളികളായി ഈ കേസും അവസാനിക്കും. സഹായിക്കുമെന്നു് പ്രതീക്ഷിച്ചിരുന്ന പലരും കണ്ട ഭാവം നടിക്കുന്നില്ല.
"എടാ ഞങ്ങള്‍ പുറത്തുണ്ടെങ്കിലേ നിങ്ങളെ സഹായിക്കാന്‍ പറ്റൂ" കുറച്ചെങ്കിലും കണ്‍വിന്‍സിങായ ഒരു ഉത്തരമാണു് "മെന്റര്‍" പറഞ്ഞതു്. "അതിനു് പക്ഷെ ഞങ്ങളെ നീ ഒറ്റരുതു്. നിന്റെ ലാപ്ടോപ് വരുത്തിയ കുഴപ്പം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണു്. എല്ലാവരേയും ചിലപ്പോള്‍ രക്ഷിക്കാന്‍ പറ്റില്ല.നിന്റെ വീട്ടുകാരുടെ കാര്യം ഞാന്‍ നോക്കിക്കോളാം.ആ പെണ്ണിന്റെ കാര്യവും."

സതിയുടെ കാര്യമോര്‍ത്തു് സുരേഷിനു് വിഷമമായി. തന്നോടു് രഹസ്യമായി പറഞ്ഞു് തീര്‍ക്കേണ്ട കാര്യം... ഇപ്പോള്‍ അവളുടെ ജീവനു് തന്നെ ഭീഷണിയായിരിക്കുന്നു. അലന്‍ എന്ന "മെന്ററെ" കുറിച്ചു് എങ്ങനെ ഇനി അവളെ വാണ്‍ ചെയ്യും.

അവനതു് വേണ്ടി വന്നില്ല. അലന്റെ കത്തി അവനെ ഡിലെമയില്‍ നിന്നും രക്ഷിച്ചു.

[കഥ തുടരുകയാണു്...]

Thursday, January 08, 2009

യാത്ര

ഇനിയെന്നാ നാട്ടിലേക്കു് ? തികച്ചും സ്വാഭാവികമായ ചോദ്യമാണു് സുഹൃത്തു് ചോദിച്ചതു് . മറുപടി കൊടുത്തതിങ്ങനെ : "ആഗസ്തില്‍ പോകണമെന്നാണു് കരുതുന്നതു് . സ്കൂളടയ്ക്കുന്നതപ്പോഴാണല്ലോ." സാധാരണ അത്രയും മതി മറുപടി. എന്നാല്‍ മനസ്സിലേക്കു് വന്ന അനാവശ്യഭയം അയാള്‍ക്കു് മറയ്ക്കാന്‍ കഴിഞ്ഞില്ല .അയാള്‍ തുടര്‍ന്നു. "പ്രത്യേകിച്ചു് വിശേഷങ്ങളൊന്നുമില്ലെങ്കില്‍ .പിന്നെ എമര്‍ജന്‍സി വന്നാല്‍ പോകാതൊക്കില്ലല്ലോ , അതിനു് സമയം നോക്കാന്‍ പറ്റുമോ ?".

Saturday, December 06, 2008

സ്കോര്‍

മുംബൈ കത്തിയെരിയുന്നു. റ്റെലിവിഷനിലെ വിഡ്ഢികളുടെ ജല്‍പ്പനത്തിനു് അല്‍പ്പം സ്നാക്ക്സും മേമ്പൊടി ചേര്‍ത്തു് അയാളിരുന്നു. ഫോണിന്റെ വൃത്തികെട്ട ശബ്ദം . അയാളോര്‍ത്തു. ഇതു് മാറ്റാന്‍ സമയമായി. മുംബൈയില്‍ നിന്നു് ഹഫീസ്.
വളരെ വേണ്ടപ്പെട്ട ചങ്ങാതി. എന്നാല്‍ വായില്‍ വന്നതിങ്ങനെ "സ്കോറെത്രയായെടാ?". ആ ചോദ്യം അവന്‍ പ്രതീക്ഷിച്ചില്ലെന്നു് തോന്നുന്നു. "ഒരു നൂറ്റമ്പതൊക്കെ ആയിക്കാണും. ഞാന്‍ വിളിച്ചതു് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണു് " .
"എന്തെടാ വേറെ പ്രധാനപ്പെട്ടതു് ? " അയാള്‍ക്കു് നീരസമായി.
"ആ നൂറ്റമ്പതിലോ അതിനു് പുറത്തോ നിന്റെ റീനയുമുണ്ടെന്നു് കേള്‍ക്കുന്നു. ചെന്നൈയില്‍ നിന്നു് അത്യാവശ്യമായി ഒരു മീറ്റിങിനു് വന്നതായിരുന്നത്രെ. അവളുടെ കമ്പനിയില്‍ നിന്നും കിട്ടിയ വിവരമാണു്. നീ എത്ര..."

അയാള്‍ ബോധരഹിതനായതൊന്നും അറിയാതെ റ്റെലിവിഷന്‍ ലൈവ് തുടര്‍ന്നുകൊണ്ടേയിരുന്നു.

Friday, November 21, 2008

അവള്‍ അവള്‍ മാത്രം

അതവള്‍ തന്നെ. ഒരിക്കലും അവളെ മറക്കാന്‍ കഴിയില്ല. ഏതാള്‍ക്കൂട്ടത്തിലും അവളുടെ സാമീപ്യം തനിക്കു് തിരിച്ചറിയാനാകും. എങ്ങനെയാണു് ഒന്നു് സംസാരിക്കുക. മഹാനഗരത്തിലെ സ്റ്റാര്‍ ഹോട്ടല്‍. വലിയൊരു പാര്‍ട്ടി. ഒരു സാധാ ജീവനക്കാരനായ താനെങ്ങനെ ചീഫ് ഗസ്റ്റിന്റെ കൂടെ വന്ന അവളോടു് സംസാരിക്കും. അയാള്‍ ആകെ വിഷമത്തിലായി. ഒരു മൂലയിലേക്കൊതുങ്ങി അയാള്‍ ഇരുന്നു. ഇടിച്ചുകയറിയാലോ? അവളുടെ പ്രതികരണം എന്താകുമോ ആവോ. തന്നെ അറിയില്ലെന്നു് പറഞ്ഞാല്‍ തീര്‍ന്നു.
"ഹായ് ആനന്ദ് " അവള്‍ മുന്നില്‍. അയാള്‍ കണ്ണു് തിരുമ്മിനോക്കി. അവള്‍ തന്നെ.
"എന്താ ആനന്ദ്. പ്രേതത്തെ കണ്ടതു് പോലെ. ഞാന്‍ വന്നതിഷ്ടമായില്ലേ?"
അയാള്‍ക്കു് വാക്കുകള്‍ കിട്ടിയില്ല. എന്താണു് വിളിക്കേണ്ടതു് . മാഡം എന്നോ, അതോ തുഷാര എന്നോ, അതോ തുഷ് എന്നോ.
"എനിക്കു് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നെ മറന്നില്ല അല്ലേ." വാക്കുകള്‍ അറിയാതെ പുറത്തു് ചാടി.
"അങ്ങനെ പറഞ്ഞുകൂടാ. മറന്നതായിരുന്നു. കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു എന്നു് മാത്രം. ആ മൂലയില്‍ ഒറ്റക്കിരുന്നതു്കൊണ്ടാണു് കാണാന്‍ പറ്റിയതു്. എന്തെ ഇത്ര നാളും എന്നെ അന്വേഷിക്കാതിരുന്നതു്? വലിയ പ്രാരാബ്ധക്കാരനായിപ്പോയോ? "
അന്വേഷിച്ചില്ലത്രെ. ഭാര്യയെവരെ പിണക്കിയയച്ചതു് ഇവളെച്ചൊല്ലിയാണു്. വെബിലും ബ്ലോഗിലും ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും തേടിയതു് പിന്നെ ആരെയാണു്. ആര്‍ക്കു് വേണ്ടിയാണു് താന്‍ ബ്ലോഗെഴുതാന്‍ തുടങ്ങിയതു്. അന്വേഷിച്ചില്ലത്രെ. എത്ര എളുപ്പം പറയാന്‍ കഴിഞ്ഞു. എങ്കിലും ഇപ്പഴെങ്കിലും കണ്ടല്ലോ.
"എന്താ ആനന്ദ് , ഇപ്പഴും സ്വപ്നലോകത്തില്‍ തന്നെയാണല്ലേ. എന്നാല്‍ ഞാന്‍ ചെല്ലട്ടെ."
അവള്‍ നീങ്ങി. അയാള്‍ വിഷണ്ണനായി. ഇതിനാണോ താന്‍ ഇത്ര നാളും ഇവളെ തേടി നടന്നതു്.
"ഹൂയിസ് ദ് ഗയ് , മാം" ഏതോ സില്‍ബന്ധിയാകണം, അവളോടു് ചോദിക്കുന്നു.
"വണ്‍സ് ഐ വാസ് തിങ്കിങ് ടു മാരി ഹിം. അയാം ഗ്ലാഡ് ഐ ഡിഡ്ന്റ് " അവളുടെ മറുപടി.

അല്ലെങ്കിലും അവള്‍ എന്നും സത്യസന്ധയായിരുന്നു. അതു്കൊണ്ടാണു് തനിക്കിപ്പഴും അവളെ വെറുക്കാന്‍ കഴിയാത്തതു്. ആരാധന മാത്രമുള്ളതു്.

മുസ്ലിം വൃത്തി

"ഇവിടെ മുസ്ലിംകളാണോ താമസം?" മുതവ്വ വയലന്റായിത്തുടങ്ങി.
എന്താ കാര്യം - അദ്ദേഹത്തെ തണുപ്പിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി.
"നീ തന്നെ പറ. നീയൊരു കാഫിറല്ലേ. എന്നിട്ടും നിന്റെ വീട്ടിനടുത്തു് എന്തെങ്കിലും വൃത്തികേടുണ്ടോ. ഇങ്ങോട്ടു് നോക്കു് . ഈ വെയിസ്റ്റൊക്കെ ഇട്ടിരിക്കുന്നതു് കണ്ടോ. മുസ്ലിംകളാണു് എന്നു് പറഞ്ഞതു് കൊണ്ടാണു് ഞാന്‍ റൂം കൊടുത്തതു് ."

പാവം മുതവ്വ. പല്ലു് തേക്കാത്ത മിസ്​രികളെയും കുളിക്കാത്ത പാക്കിസ്ഥാനികളെയും റോഡരികില്‍ മൂത്രമൊഴിക്കുന്ന നാനാരാജ്യക്കാരെയും അദ്ദേഹം കണ്ടുകാണില്ലേ ആവോ.ഇനി അതും കൂടി പറഞ്ഞു് അദ്ദേഹത്തെ വിഷമിപ്പിക്കുന്നതെന്തിനു്.
ഞാന്‍ വിട്ടു.
(എന്നാലും എന്നെ കാഫിറെന്നു് വിളിച്ചില്ലേ, കെളവന്‍!)

Wednesday, October 29, 2008

തലമുടി

"നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ ? " അവന്റെ ഉത്കണ്ഠ കണ്ടു് അയാള്‍ക്കു് വിഷമം തോന്നി. ആദ്യമാദ്യം തമാശയായാണു് തോന്നിയതു്. പക്ഷെ പിന്നീടവന്റെ ഉത്കണ്ഠ കൂടുന്നതും മുടി കുറയുന്നതും കണ്ടപ്പോള്‍ അതു് വിഷമത്തിനു് വഴിമാറി.
"നീ എപ്പഴും വലിച്ചു നോക്കുന്നതു് കൊണ്ടാണു് മുടി കൊഴിയുന്നതു്. നിനക്കു് അടങ്ങിയിരുന്നൂടേ."
ബീഹാറിലെ ഒരു ഗ്രാമീണന്‍ . വിദേശവാസം തുടങ്ങുമ്മുമ്പു് നല്ല മുടിയുണ്ടായിരുന്നു പോലും. അവധി കഴിഞ്ഞു് വന്നതോടെയാണു് ഇത്രയും വിഷമം കാണുന്നതു്. നാട്ടില്‍ ഭാര്യയൊഴികെ മറ്റെല്ലാവരും ചോദിക്കുന്നുവത്രെ. അവള്‍ എങ്ങനെ ചോദിക്കുമെന്നു് കരുതിയിട്ടാകും.
"എന്നാ നിനക്കു് വിഗ് വെച്ചു് കൂടെ? നല്ല ധാരാളം വിഗ് മാര്‍ക്കറ്റിലുണ്ടല്ലോ ?"
എന്തെങ്കിലുമൊക്കെ പറയണമല്ലോ.
"വിഗ് ഒന്നും ശരിയാകില്ല. നിങ്ങള്‍ക്കു് ഞങ്ങളുടെ നാട്ടുകാരെ അറിയില്ല."

മാസങ്ങള്‍ കഴിഞ്ഞു. അടുത്ത അവധിയായി.
അവധി കഴിഞ്ഞു് വന്നയവനു് വിഷമമേയില്ല. മുടി ട്രാന്‍സ്‌പ്ലാന്റ് ചെയ്തിരിക്കുന്നു. ദില്ലിയില്‍ തന്നെയായിരുന്നു അവധി മുഴുവന്‍ . ഭാര്യയെയും കൂട്ടി ദില്ലിയില്‍ തന്നെയങ്ങു് കൂടിയത്രെ. പൈസ കുറെ ചെലവായെങ്കിലെന്താ മനഃസമാധാനം കിട്ടിയില്ലേ എന്നാണു് അവന്‍ ചോദിക്കുന്നതു്. ഇനി ഭാര്യയെ ഇങ്ങോട്ടു് കൊണ്ടുവരണം. അവന്‍ ഒരു പുതിയ മനുഷ്യനായി മാറിയതു്പോലെ. "തലമുടിക്കു് ഇത്ര പവറോ?" അയാള്‍ക്കു് അതിശയം തോന്നി.

മാനേജ്‌മെന്റുമായുള്ള തര്‍ക്കം മൂലം അയാള്‍ ജോലി ഉപേക്ഷിച്ചപ്പോള്‍ അവന്‍ ഉപചാരവാക്കുകള്‍ക്കൊന്നും പരതിയില്ല.

പിന്നീടറിഞ്ഞു കംപ്രസര്‍ നന്നാക്കുമ്പഴോ മറ്റോ മുടി കുരുങ്ങി അവന്‍ മരിച്ചുപോയെന്നു്.
മുടിയുടെ പവറിനെക്കുറിച്ചോര്‍ത്തു് അയാള്‍ നടുങ്ങി.