Thursday, May 31, 2007

ചിരി

ബസ്സില്‍ കയറിയയുടന്‍ അവന്‍ നോക്കിയതു് അവളവിടെയുണ്ടോയെന്നാണു്. തെറ്റിയില്ല. അതേ സീറ്റില്‍ തന്നെ. തന്റെ നോട്ടം പ്രതീക്ഷിച്ചിരുന്നതു് പോലെ അവളിങ്ങോട്ടും നോക്കി. ചിരിച്ചു. അവനു് ചിരിക്കാന്‍ പറ്റിയില്ല. ഈ പെണ്ണിതെന്തു് ഭാവിച്ചാണു് ? തന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് കൂടുതല്‍ കാണും. ഇപ്പോ തന്നെ കൂട്ടുകാരൊക്കെ കളിയാക്കാന്‍ തുടങ്ങി. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. ചോദിച്ചാലോ ? ധൈര്യം വരുന്നില്ല. എന്തു് ചോദിക്കും .. ആലോചിച്ചാലോചിച്ച് ഇറങ്ങാനുള്ള സ്ഥലമെത്തി. അവള്‍ നേരത്തേ ഇറങ്ങിക്കാണും. രണ്ടു് സ്റ്റോപ്പ് മുമ്പാണല്ലോ അവളുടെ കോളേജ്.
ക്ലാസ്സില്‍ ശ്രദ്ധിക്കാനും പറ്റുന്നില്ല. കൂട്ടുകാര്‍ ആരോപിക്കുന്നതു് പോലെ വല്ല പ്രേമവും ! കാണാന്‍ സുന്ദരനായതു് കൊണ്ടു് ആ സാദ്ധ്യത തള്ളാനും പറ്റില്ല. അവളും കാണാന്‍ കുഴപ്പമൊന്നുമില്ലല്ലോ. എന്നാല്‍ പിന്നെ അങ്ങ് തുടങ്ങിയാലോ .. വിവാഹത്തിലേക്കൊന്നും എത്തിക്കാതിരുന്നാല്‍ പോരേ. ഒരു ടൈം പാസ്..
നാളെ എന്തായാലും സംസാരിക്കണം.. ഞായറാഴ്​ച വൈകുന്നേരം വീട്ടിലിരിക്കുമ്പാള്‍ അവന്‍ ഉറപ്പിച്ചു. ഇതിങ്ങനെ പോയാല്‍ പറ്റില്ല. ഗേറ്റു് കടന്നു് വരുന്നയാളെക്കണ്ട് അവന്‍ ഞെട്ടിപ്പോയി ! അവള്‍ തന്നെ.
കല്യാണവീട്ടില്‍ പോയ അമ്മയിനിയും എത്തിയിട്ടില്ല. ഇവളെന്തായിവിടെ എന്ന പരിഭ്രമം അവള്‍ക്കു് മനസ്സിലായെന്നു് തോന്നി. അവള്‍ പറഞ്ഞു: "ഞാന്‍ നിന്റെ അമ്മായിയാടാ, വല്ലപ്പഴും ബന്ധുവീടുകളിലൊക്കെ പോകണം".

8 കമന്റടികള്‍ :

സഞ്ചാരി said...

വലിയൊരു തയ്യാറെടുപ്പോടെ വായിക്കാന്‍ തുടങ്ങിയതാണ്,പ്രേമം,നിരാശ,ആങ്ങളമാരുടെ കയ്യൂക്ക്,ആത്മഹത്യ. അപ്പോഴാണ് അ അമ്മായി കയറിവരുന്നത്.
ഇനിമുതല്‍ അവസാനം വായിച്ചിട്ടെ ആദ്യം വായിക്കാന്‍ തുടങ്ങു

ടിന്റുമോന്‍ said...

"ഞാന്‍ നിന്റെ അമ്മായിയാടാ" ന്ന്

എന്റെ കര്‍ത്താവേ... കദക്കിങ്ങനെയൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ലട്ടാ...

Siju | സിജു said...

ഇതു കദ തന്നെ ?
കണ്ടിട്ട് ഒരു അനുഭവത്തിന്റെ ലുക്കുണ്ടല്ലാ.. :-)

ശ്രീ said...

അബദ്ധം പറ്റാതിരുന്നതു തന്നെ ഭാഗ്യം!!!
:)

Ralminov റാല്‍മിനോവ് said...

വല്ലപ്പഴും ബന്ധുവീടുകളിലൊക്കെ പോകണം

അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവ്യമാണെന്നു് തോന്നി. ഇതു് കാപ്സ്യൂള്‍ ഫാമിലികള്‍ക്ക് സമര്‍പ്പിക്കുന്നു. അവര്‍ക്കു് വേണ്ടെങ്കില്‍ ബ്ലോഗറിന്റെ ആര്‍ക്കൈവ്സിനും !

ബയാന്‍ said...

ഒരു നാടന്‍ പഴ്ന്ചൊല്ലുണ്ടു; പറഞ്ഞാല്‍ തല്ലുകൊള്ളും കദയ്ക്കു നല്ലൊരു ക്ലൈമാക്സും കിട്ടും.

Dinkan-ഡിങ്കന്‍ said...

ബയാനേ ദുഷ്ടാ... !$!$!#$!$!@$@!$!

പൈങ്ങോടന്‍ said...

ഹ ഹ ഹ.. നല്ല ക്ലൈമാക്സ്..
“വല്ലപ്പഴും ബന്ധുവീടുകളിലൊക്കെ പോകണം“ ....എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്ന വാചകം...
ഞാന്‍ ശബരിമലക്കു പോകുന്നതിന്റെ കെട്ടുനിറ ചടങ്ങ് ക്ഷണിക്കാന്‍ അച്ചന്റെ ഒരു ബന്ധുവീട്ടില്‍ പോയി..പക്ഷേ വീടു മാറിയാ ക്ഷണിച്ചത്..കാരണം കദയിലെ കാരണം തന്നെ...ബന്ധുവീടുകളില്‍ അധികം പോകാറില്ല..ഹി ഹി ഹി