Saturday, August 11, 2007

ഭയം

വളരെയധികം ഉത്കണ്ഠയോടെയാണു് അവര്‍ ആ അനൌണ്‍സ്മെന്റ് ശ്രവിച്ചതു്. കണക്ഷന്‍ ഫ്ലൈറ്റ് 20 മണിക്കൂറോളം വൈകുമത്രേ. അക്കോമഡേഷന്‍ നല്കാമെന്നും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും കൂടി കേട്ടു. "അല്ലാതെ തരമില്ലല്ലോ" അയാള്‍ സഹയാത്രികയോടു് പറഞ്ഞു. വിമാനത്തില്‍ വച്ചുള്ള പരിചയം മാത്രമേ അവളുമായിട്ടുള്ളു. അച്ഛനമ്മമാരുടെ കൂടെ അവധി ചിലവഴിച്ചു് നാട്ടിലേക്കു് പോകുന്നവള്‍. എഞ്ചിനിയറിങ്ങിനു് പഠിക്കുന്നു. ആ എയര്‍ലൈന്‍സിലാണു് പോലും അവളുടെ അച്ഛനു് ജോലി. സൌജന്യയാത്രയായതുകൊണ്ടാണു് ഡയറക്റ്റ് ഫ്ലൈറ്റില്‍ പോകാത്തതെന്നും അയാളുടെ ചോദ്യത്തിനു് മറുപടിയായി അവള്‍ വിശദീകരിച്ചു. അയാളെക്കുറിച്ചെന്തുകൊണ്ടോ ഒന്നും അവള്‍ ചോദിച്ചതുമില്ല.
അക്കോമഡേഷന്‍ കിട്ടിയതു് ഒരു ഡബിള്‍ മുറിയില്‍. തനിക്കു് ഇദ്ദേഹത്തിന്റെ മുറി ഷെയര്‍ ചെയ്യുന്നതില്‍ വിരോധമില്ലെന്നവള്‍ പറഞ്ഞപ്പോള്‍ അയാള്‍ക്കു് ആധിയായി. ഒരു പരിചയവുമില്ലാത്ത ഒരുത്തിയുടെ കൂടെ മണിക്കൂറുകളോളം ഒരു മുറിയില്‍. വരുമ്പോലെ വരട്ടെയെന്നു് കരുതി അയാള്‍ അവളുടെ കൂടെ മുറിയിലെത്തി.
മുറിയിലെത്തിയതും അവളുടെ പ്രകൃതമാകെ മാറി. അതുവരെ ചോദിച്ചതിനു് മാത്രം ഉത്തരം പറഞ്ഞിരുന്ന അവളയാളുടെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഭാര്യ മരിച്ചുപോയിയെന്നു് കള്ളം പറഞ്ഞതെന്തിനെന്നയാള്‍ വിസ്മയിച്ചു. പിന്നീട് അടുത്ത കട്ടിലില്‍ സുഖമായി കിടന്നുറങ്ങുന്ന അവളെക്കണ്ട് അയാള്‍ ആശ്വാസത്തോടെ മയങ്ങി.
നാട്ടിലേക്കുള്ള വിമാനത്തിലിരിക്കുമ്പോള്‍ അവള്‍ വെളിപ്പെടുത്തി "യഥാര്‍ത്ഥത്തില്‍ എനിക്കു് ഭയമുണ്ടായിരുന്നു നിങ്ങളെ"
"എനിക്കും" അയാള്‍ കൂട്ടിച്ചേര്‍ത്തു.


0 കമന്റടികള്‍ :