Friday, September 07, 2007

കുസൃതി

क्या करॆं क्या न करॆं ये कैसी मुश्किल है
कॊई तॊ बता दॆ इस का हल ऒ मॆरि...

എന്നു് മുഴുമിക്കാത്ത കുറിപ്പ് അവള്‍ക്കുള്ള ബര്‍ത്ത്​ഡേ കാര്‍ഡില്‍
എഴുതിയപ്പോള്‍ അവന്‍ കുസൃതി മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ.
ബിരുദപഠനം മുഴുമിച്ച ശേഷം അവളെ കണ്ടിട്ടുമില്ല. ഫോണ്‍ ആര്‍ഭാടമായിരുന്ന കാലവും. ഒന്നിച്ചുണ്ടായിരുന്ന സുഹൃദ്സംഗമങ്ങളില്‍ തന്നെ ഇഷ്ടമാണെന്ന സൂചന തരാന്‍ അവള്‍ ശ്രമിക്കാതെയിരുന്നിട്ടുമില്ല. അല്ലെങ്കിലും തന്നെയാര്‍ക്കാണു് ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയുക. കഴിയുന്നതും ഗ്യാപ്പിട്ടു് തന്നെ പെരുമാറി. ഒരേ ജാതി മതം, സാമൂഹിക സാമ്പത്തിക ചുറ്റുപാടുകള്‍. ഒട്ടിയാല്‍ വിട്ടു് പോരുക അസാദ്ധ്യം. പക്ഷെ ഒന്നല്ല മൂന്നാണു് വൈക്കോല്‍ ലോറികള്‍ മുന്നിലുള്ളതു്. വെറുതെ അവളെ കാത്തിരുത്തുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടും കൂടിയാണു് പിന്മാറിയതു്. പക്ഷെ രംഗീല കണ്ടതും ജന്മദിനം വന്നതും അടുത്തടുത്തായതു് കൊണ്ടു് ഒരു കുസൃതി തോന്നി അവ കുറിച്ചുവെന്നു് മാത്രം. തന്നെയുമല്ല അവളെ ഇനി എന്നു് കാണാനാണു്.
പക്ഷെ പിന്നീട് തൊഴിലധിഷ്ഠിത ഡിപ്ലോമയില്‍ കൂടെ പഠിച്ചിരുന്ന മറ്റൊരുവളോടൊപ്പം അവളുടെ മുന്നില്‍ പോയി ചാടേണ്ടിവന്നു."ആ കുട്ടി നിന്റെ കാമുകിയായിരുന്നോ" എന്നു് പുതിയ കൂട്ടുകാരി തിരക്കിയപ്പോഴാണു് "ആയിരുന്നു" എന്നു് അവനു് മനസ്സിലായതു്. പിറ്റേന്നു് അവളെ തിരക്കി ഹോസ്റ്റലില്‍ ചെന്നപ്പോള്‍ അവള്‍ നാട്ടില്‍ പോയെന്നറിഞ്ഞു. പ്രേമിച്ചു വഞ്ചിച്ചതിനു് അവളുടെ സുഹൃത്തുക്കളുടെ ശകാരവും കേട്ടു. താനിതു്വരെ പ്രേമിച്ചില്ലായിരുന്നെന്നും ഇപ്പോഴാണു് അതു് തുടങ്ങിയതെന്നും അവന്‍ പറഞ്ഞതു് അവര്‍ക്കു് തികച്ചും അവിശ്വസനീയമായിരുന്നു. തന്റെ പുതിയ വിലാസവും ഫോണ്‍ നമ്പറും അവള്‍ക്കു് കൊടുക്കാന്‍ വേണ്ടി അവരെ ഏല്‍പിച്ചു. അതുകൊണ്ടൊരു ഗുണവുമുണ്ടായി. അവളുടെ വിവാഹക്ഷണക്കത്തു് കൃത്യമായി കൈപ്പറ്റാന്‍ കഴിഞ്ഞു.

ഒരേയൊരു കമന്റ് :

സഹയാത്രികന്‍ said...

ഹ..ഹ..ഹ... കൊള്ളാം...

ഇനി വിവാഹത്തിനു ചെന്ന് വികാരനിര്‍ഭരമായ ഒരു വിടവാങ്ങലും, പിന്നീട് അവളുടെ തോളില്‍ ചാഞ്ഞുറങ്ങുന്ന കുഞ്ഞിനെ തലോടി' എനിക്കു പിറക്കാതെ പോയ മകനാനുണ്ണീ നീ...'എന്നൊരു ഡയലോഗും കൂടിയായാല്‍ സംഗതി ശുഭം

റാല്‍മിനോവ് നടയില്‍ സഹയാത്രികന്‍ വക തേങ്ങ ഒന്ന്..... ഠേ !