Wednesday, October 01, 2008

വീടു്കൊള്ള

ശക്തമായ മുട്ടു് വാതുക്കല്‍ കേട്ടു് കൊണ്ടാണു് അവള്‍ എണീറ്റതു്. ഇവറ്റകള്‍ക്കു് കോളിങ് ബെല്‍ അടിച്ചൂടേ. നാശങ്ങള്‍ . ഉറങ്ങാനും സമ്മതിക്കില്ല.
ആരാ ? മറുപടിയില്ല.
പീപ്പിങ് ഹോള്‍ മറച്ചു്കൊണ്ടാണു് വന്നതാരായാലും നില്‍പ്പു്.
ആരാ ? മറുപടിയില്ല. പക്ഷെ, പിന്നെയും മുട്ടു് വന്നു.
എന്നാപ്പിന്നെ അങ്ങേരായിരിക്കും. അങ്ങനെ ഒരു സൂക്കേടുണ്ടു്. വെറുതെ പേടിപ്പിക്കാനാണു് പോലും അങ്ങനെ ചെയ്യാറു്. ആരെ പേടിപ്പിക്കാനാണോ എന്തോ ? എന്തായാലും തുറന്നേക്കാം.
വാതില്‍ തുറന്നതും രണ്ടുമൂന്നാളുകള്‍ ഇടിച്ചുകയറി. "അനങ്ങിപ്പോകരുതു് ".
അവള്‍ക്കു് ചിരി വന്നു. ചിരിച്ചു.
വന്നവരില്‍ നേതാവായിരിക്കണം, ചോദിച്ചു "എന്തിനാ ചിരിക്കുന്നതു്. അനങ്ങിപ്പോകരുതെന്നല്ലേ പറഞ്ഞതു്."
അവള്‍ക്കു് ദേഷ്യം വന്നു. "എന്റെ വീട്ടില്‍ കയറി വന്നിട്ടു് അനങ്ങിപ്പോകരുതെന്നോ. ഇതെന്തു് കഥ"
"എന്തിനു് അനങ്ങാതെ നില്‍ക്കണം ? ഇതെന്റെ വീടാണു്."
"നീ അധികം സംസാരിക്കണ്ട. അല്ലെങ്കില്‍ എന്റെ തോക്കായിരിക്കും പ്രവര്‍ത്തിക്കുക" ഒരു പെണ്ണിനോടു് കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നതിന്റെ ജാള്യം അയാള്‍ക്കു് മറച്ചുവെക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്കു് പാവം തോന്നി.
"ഇരിക്കൂ. ഞാന്‍ ചായയെടുക്കാം" അവള്‍ പറഞ്ഞു.
"നിന്നോടു് അനങ്ങാതെ നില്‍ക്കാനാണു് പറഞ്ഞതു് " അയാള്‍ പരിഭ്രാന്തനായിത്തുടങ്ങി.
"നിങ്ങളോടു് ഞാന്‍ പറഞ്ഞു, എന്റെ വീട്ടില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതു് ഞാനാണു്.
എന്താണു് നിങ്ങളുടെ പ്രശ്നം? എന്നെ എന്തിനാണു് പേടിപ്പിക്കാന്‍ ശ്രമിച്ചു് വിഷമിക്കുന്നതു് ? "
"ഞങ്ങള്‍ നിന്റെ വീടു് കൊള്ളയടിക്കാന്‍ വന്നതാണു് എന്നു് ഇതുവരെ മനസ്സിലായില്ലേ?" നേതാവല്ല ഇത്തവണ സംസാരിച്ചതു്.
"വീടു്കൊള്ളയോ? എന്തിനു് ? ഇവിടെ എന്തിരുന്നിട്ടു് ? ഇനി ഇവിടെ എന്തെങ്കിലും ഉണ്ടെങ്കിത്തന്നെ ഇങ്ങനെയാണോ കൊള്ളയടിക്കുന്നതു് ? എന്റെ അങ്ങേരു് ഒരു സെക്യൂരിറ്റി സിസ്റ്റം എക്സ്പെര്‍ട്ട് ആണെന്നും ഈ വീടു് സര്‍വൈലന്‍സ് കാമറകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നമ്മുടെ ഈ സംഭാഷണം പോലും അദ്ദേഹമിപ്പോള്‍ ഓഫീസിലിരുന്നു് കാണുന്നുണ്ടാകുമെന്നും നിങ്ങള്‍ക്കു് അറിയാത്തതു് എന്റെ കുഴപ്പമല്ല . ഒരു ഹോം വര്‍ക്കും ചെയ്യാതെയാണോ കൊള്ളയ്ക്കിറങ്ങുന്നതു്. ഇരിക്കൂ, സംഭാരമെങ്കിലും എടുക്കാം"
അവള്‍ അടുക്കളയിലേക്കു് നടന്നു. അടുക്കളയിലെത്തുമ്മുമ്പെ മുന്‍വാതില്‍ അടയുന്ന ശബ്ദം അവള്‍ കേട്ടു. വേഗം ഫോണെടുത്തു ഭര്‍ത്താവിനെ വിളിച്ചു "നിങ്ങളുടെ ഫാന്‍സിഡ്രസുകാരെ ഞാന്‍ തോല്‍പ്പിച്ചു. തീരെ പ്രൊഫഷണല്‍സല്ല".
"ഞാനാരെയും അയച്ചില്ലല്ലോ.അവിടെ ആരാ വന്നതു് . എന്താ ഉ.. ഹലോ..ഹലോ.."

മുഖത്തു് വെള്ളം വീണപ്പോള്‍ അവള്‍ കണ്ണു് തുറന്നു് നോക്കി. ഭര്‍ത്താവിന്റെ മുഖം കണ്ടു് അവള്‍ കണ്ണു് നിറച്ചു.

5 കമന്റടികള്‍ :

Umesh::ഉമേഷ് said...

ഹഹഹ...

പേരു വെയ്ക്കാതെ കണ്ടിരുന്നെങ്കില്‍ സൂര്യഗായത്രിയുടെ കഥയാനെന്നു തെറ്റിദ്ധരിച്ചേനേ :)

Babu Kalyanam | ബാബു കല്യാണം said...

"കഥയാനെന്നു"
ആശാനും അക്ഷരം പിഴച്ചല്ലോ!!! ;-)

Ralminov റാല്‍മിനോവ് said...

ഉമേഷിന്റെ കമന്റ് ഏതായാലും കോംപ്ലിമെന്റാക്കിത്തന്നെ എടുക്കാം.
ചായയും സംഭാരവുമാണോ സൂര്യഗായത്രിയെ ലിങ്ക് ചെയ്യാന്‍ പ്രേരണയായതു് ? ;)

വല്യമ്മായി said...

:)

സിമി said...

:))