Saturday, December 06, 2008

സ്കോര്‍

മുംബൈ കത്തിയെരിയുന്നു. റ്റെലിവിഷനിലെ വിഡ്ഢികളുടെ ജല്‍പ്പനത്തിനു് അല്‍പ്പം സ്നാക്ക്സും മേമ്പൊടി ചേര്‍ത്തു് അയാളിരുന്നു. ഫോണിന്റെ വൃത്തികെട്ട ശബ്ദം . അയാളോര്‍ത്തു. ഇതു് മാറ്റാന്‍ സമയമായി. മുംബൈയില്‍ നിന്നു് ഹഫീസ്.
വളരെ വേണ്ടപ്പെട്ട ചങ്ങാതി. എന്നാല്‍ വായില്‍ വന്നതിങ്ങനെ "സ്കോറെത്രയായെടാ?". ആ ചോദ്യം അവന്‍ പ്രതീക്ഷിച്ചില്ലെന്നു് തോന്നുന്നു. "ഒരു നൂറ്റമ്പതൊക്കെ ആയിക്കാണും. ഞാന്‍ വിളിച്ചതു് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണു് " .
"എന്തെടാ വേറെ പ്രധാനപ്പെട്ടതു് ? " അയാള്‍ക്കു് നീരസമായി.
"ആ നൂറ്റമ്പതിലോ അതിനു് പുറത്തോ നിന്റെ റീനയുമുണ്ടെന്നു് കേള്‍ക്കുന്നു. ചെന്നൈയില്‍ നിന്നു് അത്യാവശ്യമായി ഒരു മീറ്റിങിനു് വന്നതായിരുന്നത്രെ. അവളുടെ കമ്പനിയില്‍ നിന്നും കിട്ടിയ വിവരമാണു്. നീ എത്ര..."

അയാള്‍ ബോധരഹിതനായതൊന്നും അറിയാതെ റ്റെലിവിഷന്‍ ലൈവ് തുടര്‍ന്നുകൊണ്ടേയിരുന്നു.