സതിയ്ക്കുറക്കം വന്നില്ല. എന്തൊക്കെയാണു് സംഭവിച്ചതു്. സുരേഷ് എന്തൊരു ചതിയാണു് ചെയ്തതു്. അവന്റെ കൂട്ടുകാരുടെ മുന്നില്‍ വച്ചു് തന്നെ... അവനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു് അലന്‍ പറഞ്ഞതാണു്. പക്ഷെ അലനെയാണു് തനിക്കു് വിശ്വാസമില്ലാതിരുന്നതു്. ആ ഫോട്ടോ ഇപ്പോള്‍ നെറ്റില്‍ നിറഞ്ഞുകാണും. എന്നാലും എങ്ങനെ അതവനു് കിട്ടി ? താനതു് ഉടന്‍ തന്നെ ഡിലിറ്റ് ചെയ്തതാണല്ലോ.
എന്തൊരു ഗ്രഹപ്പിഴയാണിതു് ദൈവമേ. പുതിയ ഡിജിറ്റല്‍ കാമറ കിട്ടിയപ്പോള്‍ ചെയ്ത ഒരു വികൃതി, അതിപ്പോ ഒരു പാരയായി.
ആരോടെങ്കിലും സത്യാവസ്ഥ പറയണമല്ലോ. അതിനു് മുമ്പു് എങ്ങനെ ഇതു് സംഭവിച്ചു എന്നു് കണ്ടുപിടിക്കണം. ആര്‍ക്കും ഇനി ഇങ്ങനെയൊരു അബദ്ധം പറ്റരുതല്ലോ. ഗൂഗിളിനോടു് ചോദിക്കാം. നെറ്റ്ബുക്കെടുത്തു് സേര്‍ച്ച് തുടങ്ങി. അഞ്ച് സൈറ്റുകള്‍ സന്ദര്‍ശിച്ചു് കഴിഞ്ഞപ്പോഴേക്കും ഏതാണ്ടു് കാര്യങ്ങള്‍ വ്യക്തമായി. ചതി. കൊടുംചതി തന്നെ.
തന്റെ കാമറയിലെ മെമ്മറിയില്‍ നിന്നും ഡാറ്റാറിക്കവറി റ്റൂള്‍ ഉപയോഗിച്ചു് ഫോട്ടോ റിക്കവര്‍ ചെയ്തതാണു്. അവനു് മെമ്മറി കാര്‍ഡ് കടം കൊടുത്തതാണു് അബദ്ധമായതു്. കാര്‍ഡ് കാലിയാക്കിയാണു് കൊടുത്തതു് . ഫോര്‍മാറ്റ് ചെയ്തോ എന്നോര്‍മ്മയില്ല. ഫോര്‍മാറ്റ് ചെയ്തു പോയതും റിക്കവര്‍ ചെയ്യാന്‍ പറ്റും എന്ന ഞെട്ടിപ്പിക്കുന്ന അറിവു് മുന്നിലിരിക്കുന്നു. സോ ദാറ്റ് മേക്ക് ലിറ്റില്‍ ഡിഫറന്‍സ്. പുതിയ അറിവു് അവള്‍ക്കു് പുതിയ ഒരു ഊര്‍ജ്ജം നല്‍കി. ഉറക്കം പറപറന്നു. അവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല. ഫോട്ടോയെക്കുറിച്ചാലോചിച്ചു് വിഷമിച്ചിട്ടു് കാര്യമില്ല. വാ വിട്ട വാക്കു് പോലെയാണതു്. തിരിച്ചെടുക്കാന്‍ കഴിയില്ല. തന്റെ നിരപരാധിത്വം തെളിയിക്കണം. അവനെ ഒരു പാഠം പഠിപ്പിക്കുകയും വേണം. പരമാവധി വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞപ്പോഴേക്കും അവളെ ഉറക്കം കീഴടക്കി.
നേരം വെളുത്തയുടന്‍ അവള്‍ അലനെ വിളിച്ചു. അലനുമൊത്തു് പോയി സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
"ഇതിപ്പോ നെറ്റിലൊന്നും എത്തിയിട്ടില്ലല്ലോ, എന്തു് പറഞ്ഞു് കേസെടുക്കും ?" സെല്‍ മേധാവി അവളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. "സര്‍ , അവന്റെ ലാപ്ടോപ്പും നെറ്റ്ബുക്കും പിടിച്ചെടുത്തു് പരിശോധിക്കണം. ഞാനീ പറഞ്ഞ ഫോട്ടോയും റിക്കവറി സോഫ്റ്റുവെയറും അതില്‍ കാണും. അതു് പോരേ തെളിവു് ?".
"നീ പറഞ്ഞതു് ഞങ്ങളെങ്ങനെ വിശ്വസിക്കും? നീ കാശു വാങ്ങി പോസ് ചെയ്തതാണെന്നു് അവന്‍ പറഞ്ഞാല്‍ ...?".
"പറയട്ടെ സര്‍ , അപ്പോള്‍ അതിനുള്ള മാര്‍ഗ്ഗം നോക്കാം. ഇതിനിപ്പോ ഒരു കേസിനും സ്കോപ്പില്ലേ ? ഞാനിനിയും മുകളിലോട്ടു് പോണോ ?"
"കുഞ്ഞേ, വയ്യാവേലിയാകും ഇതു്. വഴിക്കിട്ടിട്ടു് പോകില്ല എന്നു് ഉറപ്പു് തന്നാല്‍ ഞാന്‍ ഇടപെടാം." സെല്‍ മേധാവിയോടു് തോന്നിയ അമര്‍ഷം അലിഞ്ഞു്പോകുന്നതു് അവള്‍ അറിഞ്ഞു.
സൈബര്‍ സെല്ലിന്റെ വരവു് അപ്രതീക്ഷിതമായിരുന്നതു് കൊണ്ടു് സുരേഷിനു് തന്റെ ലാപ്ടോപ്പിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പല ഫോട്ടാകളും മറ്റു് പല വമ്പന്മാരെയും കൂടി കൂട്ടുപ്രതിയാക്കാന്‍ പര്യാപ്തമായതു് കൊണ്ടു് കുറച്ചു് സമാധാനവും തോന്നി. എന്നാല്‍ സെല്ലിന്റെ ചോദ്യം ചെയ്യലില്‍ അയാള്‍ക്കു് കുറ്റം നിഷേധിക്കാന്‍ കഴിഞ്ഞില്ല. സതിയുടെ കണ്ടെത്തലുകള്‍ സത്യമാണെന്നു് അയാള്‍ സാക്ഷ്യപ്പെടുത്തി. ഇതു് ഒറ്റപ്പെട്ടതല്ലെന്നും മറ്റു് പലരേയും ഇവ്വിധം മുമ്പും ചതിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. സതിയുടെ ഫോട്ടോ നെറ്റിലേക്കു് വിട്ടിട്ടില്ലെന്നും അവളെ ബ്ലാക്ക്മെയില്‍ ചെയ്തു് തങ്ങളുടെ ഇരയാക്കിയാക്കിയ ശേഷം കൂടുതല്‍ ഹോട്ടായിട്ടുള്ള ചിത്രങ്ങള്‍ വിടാനായിരുന്നു പ്ലാനെന്നും അയാള്‍ പറഞ്ഞു. അപവാദം ഭയന്നു് പെണ്‍കുട്ടികള്‍ കീഴ്പെടാറാണു് സാധാരണ പതിവു്. സതിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളരെ അപൂര്‍വ്വമായതു് കൊണ്ടാണു് തങ്ങളുടെ ബിസിനസ് ഇത്രയും വളര്‍ന്നതു്.
കൂട്ടാളികളെക്കുറിച്ചു് പോലിസ് ഒന്നും ചോദിക്കാത്തതില്‍ സുരേഷിനു് നിരാശയായി. താനും തന്നെപ്പോലെയുള്ള ഡാറ്റാകലക്റ്റര്‍മാരും മാത്രം കുറ്റവാളികളായി ഈ കേസും അവസാനിക്കും. സഹായിക്കുമെന്നു് പ്രതീക്ഷിച്ചിരുന്ന പലരും കണ്ട ഭാവം നടിക്കുന്നില്ല.
"എടാ ഞങ്ങള്‍ പുറത്തുണ്ടെങ്കിലേ നിങ്ങളെ സഹായിക്കാന്‍ പറ്റൂ" കുറച്ചെങ്കിലും കണ്‍വിന്‍സിങായ ഒരു ഉത്തരമാണു് "മെന്റര്‍" പറഞ്ഞതു്. "അതിനു് പക്ഷെ ഞങ്ങളെ നീ ഒറ്റരുതു്. നിന്റെ ലാപ്ടോപ് വരുത്തിയ കുഴപ്പം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണു്. എല്ലാവരേയും ചിലപ്പോള്‍ രക്ഷിക്കാന്‍ പറ്റില്ല.നിന്റെ വീട്ടുകാരുടെ കാര്യം ഞാന്‍ നോക്കിക്കോളാം.ആ പെണ്ണിന്റെ കാര്യവും."
സതിയുടെ കാര്യമോര്‍ത്തു് സുരേഷിനു് വിഷമമായി. തന്നോടു് രഹസ്യമായി പറഞ്ഞു് തീര്‍ക്കേണ്ട കാര്യം... ഇപ്പോള്‍ അവളുടെ ജീവനു് തന്നെ ഭീഷണിയായിരിക്കുന്നു. അലന്‍ എന്ന "മെന്ററെ" കുറിച്ചു് എങ്ങനെ ഇനി അവളെ വാണ്‍ ചെയ്യും.
അവനതു് വേണ്ടി വന്നില്ല. അലന്റെ കത്തി അവനെ ഡിലെമയില്‍ നിന്നും രക്ഷിച്ചു.
[കഥ തുടരുകയാണു്...]
Thursday, February 05, 2009
ഫോട്ടോ
Subscribe to:
Post Comments (Atom)


2 കമന്റടികള്‍ :
ഇതു ഒരു സാദ്ധ്യതയാണ്. സാദ്ധ്യത മാത്രം. പക്ഷെ ഇതൊരു കഥയാണ്.
എന്തൊരു ചതിയാണു് ...!
തുടരട്ടെ ... !
:)
ഇവിടെ കമന്റടിക്കാം